അച്ഛന് സ്വപ്നത്തില്‍ മാത്രമായിട്ട് രണ്ടു വർഷം പിന്നിടുന്നു. കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയില്ല എന്ന പ്രയോഗം ഓരോ സന്ദർഭങ്ങളിലും ശരിക്കും അനുഭവിച്ചറിഞ്ഞ രണ്ടു വർഷമാണ് കഴിഞ്ഞു പോയത്. അതുകൊണ്ടുതന്നെയാണ് അച്ഛനെ ഞങ്ങൾക്ക് നഷ്ടമായ അച്ഛന്റെ ഓർമ്മ ദിവസം മക്കളോ ബന്ധുക്കളോ അടുത്തില്ലാത്ത കുറേ അച്ചന്മാർക്കും അമ്മമാർക്കും ഒപ്പം കുറച്ചു സമയം ചിലവിടാനും അവർക്കൊപ്പം ഭക്ഷണം കഴിക്കാനും ആഗ്രഹിച്ചതും. വീട്ടിലുള്ളവരെന്ന പോലെ സ്നേഹത്തോടെ അവരോട് കുറച്ചു തമാശകളൊക്കെ പറയുക, അവരുടെ വിശേഷങ്ങൾ ചോദിക്കുക, അതിലൂടെ അനാഥരാണെന്ന ചിന്തയിൽ കഴിയുന്ന അവരേയും സ്നേഹിക്കാൻ ആളുണ്ടെന്ന് അവരിലൊരു ചിന്തയുണ്ടാക്കുക, അവരെ സന്തോഷിപ്പിക്കുക, ഇതൊന്നും കൂടാതെ അവരുടെ ആ സന്തോഷം കണ്ട് സ്വയം സന്തോഷം കണ്ടെത്തുക എന്നൊരു സ്വാർത്ഥത കൂടിയുണ്ടായിരുന്നു ആ ഒരു ആഗ്രഹത്തിന് പിന്നിൽ എന്നതും സത്യം!
അച്ഛന്റെ കഴിഞ്ഞ വർഷത്തെ ഓർമ ദിവസത്തിലും, അതുകൂടാതെയുള്ള മറ്റു ചില അവസരങ്ങളിലും കുറച്ചു കുട്ടികളെ കാണാൻ പോവുകയും അവർക്കൊപ്പം ഇടപെഴുകുകയും ഒക്കെ ചെയ്തിട്ടുള്ള ശീലമുണ്ടെങ്കിലും പ്രായമായവർ കുട്ടികളെ പോലെ നമ്മളോട് ഫ്രീയായി സംസാരിക്കുമോ, നമ്മൾ ചെല്ലുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും, അവരെങ്ങനെ പെരുമാറും, അവർ നമുക്കൊപ്പം ചിരിക്കുമോ, എന്നൊക്കെ ചില സംശയങ്ങളും ആശങ്കകളും മനസ്സിലുണ്ടായിരുന്നു അങ്ങോട്ട് പോവുമ്പോൾ. നിർഭാഗ്യവശാൽ ഞാൻ സംശയിച്ചിരുന്നതുപോലെ അവിടെ കാണാൻ കഴിഞ്ഞതും ചിരിയില്ലാത്ത കുറെ നിരാശ നിറഞ്ഞ മുഖങ്ങളാണ്.
ഓൾഡ് ഏജ് ഹോം എന്ന ബോർഡ് വച്ച വീടിനു മുന്നിൽ എത്തിയപ്പോ ഒരു ഷെഡ് കണ്ടു. അതിനുള്ളിൽ പലയിടത്തായി കുറച്ഛ് അച്ചന്മാർ ഇരിക്കുന്നുണ്ട്. ഞാനും അമ്മയും പിന്നെ അങ്ങനൊരു സ്ഥാപനത്തെ എനിക്ക് പരിചയപ്പെടുത്തിയ വീട്ടിലെ എന്റെ സുഹൃത്തുകൂടിയായ ആന്റിയും കൂടി ചെറിയൊരു പുഞ്ചിരിയുമായി പതിയെ അവരുടെ അടുത്തേക്ക് ചെന്നു. എല്ലാവരെയും നോക്കി ചിരിച്ചെങ്കിലും ഒട്ടുമിക്കവരുടെയും മുഖം നിരാശയും ഗൗരവവും നിറഞ്ഞതായിരുന്നു. ഒന്നുരണ്ടുപേർ എനിക്ക് മറുപടി ചിരി തന്നു. ചിലർ മുഖം തിരിച്ചു. ആന്റി ചെന്ന് രണ്ടുപേർക്ക് ഇടയിൽ ഇരുന്നു അവരോട് കുശലം ചോദിക്കാൻ തുടങ്ങി. ആരോട് എന്ത് ചോദിക്കണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. മുന്നിൽ ഒരു ടീവി വച്ചിട്ടുണ്ട്. അതിലേക്കു നോക്കിയാണ് മിക്കവരുടെയും ഇരിപ്പ്. പക്ഷേ, ടീവി ഓഫായിരിക്കുകയാണ്. കിട്ടിയ അവസരത്തിൽ മുന്നിലിരുന്ന ഒരു അച്ഛനോട് ചോദിച്ചു,
"എന്താ അച്ഛാ നിങ്ങളെല്ലാരും ടീവി ഓഫാക്കി വച്ചിരിക്കുന്നെ? നിങ്ങളാരും ടീവി കാണുന്നില്ലേ?"
ആ അച്ഛൻ ഉടനെ ആ സ്ഥാപനത്തിലെ ആളുകളോട് ഉറക്കെ വിളിച്ചു പറഞ്ഞു,
"ദേ.. ഈ കൊച്ചനു ടീവി കാണണം എന്ന് പറയുന്നു"
"ഇല്ല സാർ.. ഞാനല്ല സാർ" എന്ന മുഖഭാവത്തിൽ ആ അച്ഛൻ വിളിച്ചുപറഞ്ഞയിടത്തേക്കു ഞാൻ ഒന്നു തിരിഞ്ഞു നോക്കി. "ഇവനൊക്കെ എവിടുന്ന് വരുന്നു" എന്ന ഭാവത്തിൽ ഒരാൾ എന്നെയും തിരിച്ചു നോക്കി.
"ഞാനൊന്നു നോക്കി.. അവളെന്നേയും നോക്കി." എന്ന പാട്ടില്ലേ ? ങാ.. ഏതാണ്ടതുപോലെ! എന്തായാലും ഞാൻ ചമ്മിയെങ്കിലും അവരുടെ ടീവി ഓണായി. അവിടെയെവിടെനിന്നൊക്കെയോ ചെറിയ ചിരികളും വന്നു.
"അമ്പട ഗൊച്ചു ഗള്ളാ.. എനിക്കിട്ട് പണി തന്നല്ലേ" എന്ന മട്ടിൽ ഞാൻ ആ അച്ഛനെ നോക്കിയൊന്നു ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിലുള്ള കസേരയിലിരുന്നു. പല്ലില്ലാത്ത മോണകൊണ്ട് അദ്ദേഹമൊന്നു ചിരിച്ചു. പിന്നെ കുറച്ചു മാറിയുള്ള രണ്ട് കസേര ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു,
"അവിടെ പോയി ഇരുന്നോ.. അതാ ഗസ്റ്റ് ഇരിക്കുന്ന സ്ഥലം"
"അതെന്താ അച്ഛാ.. ഗസ്റ്റ് ഇരിക്കാൻ പ്രത്യേക സീറ്റോ? നമ്മളെല്ലാവരും ഒരുപോലല്ലേ?"
"അതല്ല.. അവിടെ ഫാനുണ്ട്.. ഞാൻ അതാ പറഞ്ഞെ, അവിടെ ഇരുന്നോളാൻ"
"അതൊന്നും വേണ്ട.. ഞാൻ അച്ഛന്റടുത്ത് ഇരിക്കുന്നുള്ളു" ഞാൻ അദ്ദേഹത്തിനടുത്ത് ഇരുന്നു.
"എവിടെയാ മോന്റെ വീട്?" അദ്ദേഹം സംസാരിച്ചു തുടങ്ങി.
"തൃക്കാക്കര.. എവിടെയാ അച്ഛന്റെ വീട്?"
"പച്ചാളം"
"എന്റെ അച്ഛന്റെ വീടും അവിടെ തൊട്ടടുത്ത അച്ഛാ.. വടുതല. എന്നിട്ട്, പച്ചാളത്ത് ആരെങ്കിലും ഉണ്ടോ അച്ഛാ ഇപ്പൊ അച്ഛന്?"
"മ്മ്... ആറു മക്കളുണ്ട്. ഒരാൾ ടീച്ചർ ആണ്."
ആ അച്ഛന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോ ഞാൻ എന്തൊക്കെയോ പറഞ്ഞു വിഷയം മാറ്റി അദ്ദേഹത്തെ കരയിപ്പിക്കാതിരിക്കാൻ ശ്രമിച്ചു.
അങ്ങനെ അവിടെ കുറച്ചുപേരോട് സംസാരിച്ചു. കല്യാണം കഴിക്കാതിരുന്നതുകൊണ്ട് വാർദ്ധക്യത്തിൽ ഒറ്റക്കായി പോയവർ, കല്യാണം കഴിച്ചു അഞ്ചും ആറും മക്കളുണ്ടായിട്ടും തനിച്ചായി പോയവർ, നല്ല വിദ്യാഭ്യാസവും ജോലിയുമൊക്കെ ഉണ്ടായിരുന്നവർ, അനാരോഗ്യം കൊണ്ട് അവിടെ അന്ധേവാസി ആയി കഴിയേണ്ടിവരുന്നവർ.. അങ്ങനെ അങ്ങനെ അവിടെയുള്ള ഓരോരുത്തർക്കും നിരാശയുടെയും നഷ്ടത്തിന്റെയും കഥകളാണ് പറയാനുണ്ടായിരുന്നത്.
അപ്പോഴേക്കും ഉച്ചയൂണ് തയ്യാറായി കഴിഞ്ഞിരുന്നു. ചിക്കനും സാമ്പാറും അടക്കം നാല് കറികളും പഴവും ഒക്കെ കൂട്ടിയുള്ള തരക്കേടില്ലാത്ത ഒരു ഊണ്. അയ്യായിരവും പതിനായിരവുമൊക്കെ മുടക്കി ചരമ വാർഷീകങ്ങൾ പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനേക്കാൾ മാനസീക സംതൃപ്തിയും സന്തോഷവും ഇതുപോലെ കഴിയേണ്ടിവരുന്ന അച്ഛനമ്മമാർക്കും കുട്ടികൾക്കും ഒരു ദിവസത്തെ ഭക്ഷണം കൊടുക്കുന്നതിലൂടെ ഉണ്ടാവുമെന്ന ചിന്ത ഒരിക്കൽക്കൂടി മനസ്സിൽ ഊട്ടിയുറപ്പിച്ചു. ഒറ്റയ്ക്ക് മാറിയിരുന്നിരുന്ന ഒരു അച്ഛന്റെ അടുത്ത് ഞങ്ങൾ ഊണ് കഴിക്കാനിരുന്നു. എന്റെ പുഞ്ചിരിയും കുശലാന്വേഷണങ്ങൾക്കും ഒന്നും അദ്ദേഹം എനിക്ക് മുഖം തന്നില്ല. അദ്ദേഹത്തിന്റെ അവസ്ഥയിൽ അദ്ദേഹം അത്രമാത്രം നിരാശനാണെന്നു മനസ്സിലായി.
ഊണ് കഴിഞ്ഞ ശേഷം പോയത് അതെ കുടുംബത്തിലെ അമ്മമാർ താമസിക്കുന്ന മറ്റൊരു വീട്ടിലേക്കാണ്. അവിടെയും അമ്മമാർക്ക് വ്യത്യസ്തമല്ലാത്ത കുറെ സങ്കടങ്ങൾ പറയാനുണ്ടായിരുന്നു. തങ്ങളുടെ സ്വത്തു തട്ടിയെടുത്തിട്ടും ഒന്ന് തിരിഞ്ഞു നോക്കാത്ത ബന്ധുക്കളെക്കുറിച്ചുമൊക്കെയായി. ചില അമ്മമാർ സങ്കടപ്പെടുന്നത് അവരെ നോക്കാനും പരിചരിക്കാനും കഴിവില്ലാത്ത തങ്ങളുടെ മക്കളുടെ നിസ്സഹായകാവസ്ഥയെ ഓർത്താണ്. മക്കളെ കുറ്റപ്പെടുത്താനൊന്നും സ്നേഹനിധികളായ ആ അമ്മമാർക്ക് കഴിയുന്നില്ല. അല്ലേലും ഭൂരിഭാഗം അമ്മമാരൊക്കെ അങ്ങനെതന്നെ ആണല്ലോല്ലേ!
വ്യക്തിപരമായി എന്തൊക്കെ നിരാശയും സങ്കടവും ഉണ്ടെങ്കിലും ആ ഓൾഡ് ഏജ് ഹോം എന്ന ബോർഡുള്ള ആ കുടുംബം നോക്കുന്ന, അവർ സാർ എന്ന് വിളിക്കുന്ന ആ വലിയ മനുഷ്യന്റെ നന്മയെ കുറിച്ച് പറയാൻ ആ കുടുംബത്തിലെ ഓരോ അച്ചന്മാർക്കും അമ്മമാർക്കും ആയിരം നാവായിരുന്നു എന്നതാണ് ആശ്വാസവും സന്തോഷവും. ഇനിയും വരാമെന്നു പറഞ്ഞു ഞങ്ങൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരുടെയൊക്കെ മുഖത്തു തെളിഞ്ഞ സന്തോഷം ഞങ്ങളെ സന്തോഷിപ്പിച്ചത് ചെറുതൊന്നുമായിരുന്നില്ല.
ജന്മം നൽകിയ സ്വന്തം അച്ഛനെയും അമ്മയെയും അവരെങ്ങനെയുള്ളവരാണെങ്കിലും ഇങ്ങനെയുള്ള ഇടങ്ങളിൽ വിട്ടിട്ടുപോകാൻ ആ മക്കൾക്ക് എങ്ങനെ കഴിയുന്നു എന്ന് അറിയില്ല. എന്തായാലും ആർക്കും അങ്ങനെ കഴിയാതിരിക്കട്ടെ എന്നാണു എന്റെ ഒരു ആഗ്രഹം. ചിലപ്പോ അതൊരു അത്യാഗ്രഹം ആയിരിക്കാം. കാരണം, നിർഭാഗ്യവശാൽ കൂടി കൂടി വരുന്ന അംഗങ്ങളുടെ എണ്ണം കാരണം പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു കെട്ടിടം കണ്ടുകൊണ്ടാണ് ഞങ്ങൾക്കു അവിടെ നിന്നും മടങ്ങേണ്ടി വന്നത്!

No comments:
Post a Comment